അഭിമന്യു വധം: അന്വേഷണത്തില്‍ പൊലീസിന് പഴയ താല്‍പ്പര്യമില്ലെന്ന് അച്ഛന്‍ മനോഹരന്‍

Share this News with your friends

അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ അച്ഛൻ മനോഹരൻ. കേസ് അന്വേഷണത്തിൽ പോലീസിന് പഴയ താല്‍പ്പര്യമില്ലെന്നും  പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അച്ഛന്‍ മനോഹരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലപാതകം നടന്ന് അഞ്ച് മാസമായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അഭിമന്യുവിനെ കുത്തിയ പ്രതി സഹലിനെ ഇതുവരെ പിടികൂടാനായില്ല. അന്വേഷണ പുരോഗതി കുടുംബത്തെ ആരും അറിയിക്കുന്നില്ലെന്നും മനോഹരൻ പറഞ്ഞു.

അതേസമയം അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികൾക്കായി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ എട്ട് പ്രതികളാണ് വിചാരണക്ക് വിധേയരാകുക. മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം.

കൊലപാതകത്തിന് ഉപയോഗിച്ച  ആയുധങ്ങളും കൃത്യം നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങളും ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചെന്നും കുറ്റ പത്രത്തിലുണ്ട്. മുഖ്യപ്രതിയായ മുഹമ്മദ് അടക്കം എട്ട് പേരുടെ വിചാരണ നടപടികൾക്ക് ഇതോടെ തുടക്കമായിരിക്കുകയാണ്.

പ്രതികളെ വിളിച്ചുവരുത്തി പകർപ്പ് നൽകിയ  ശേഷമാണ് കുറ്റപത്രം കോടതിക്ക് കൈമാറിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് കേസിന്‍റെ വിചാരണ ഏത് കോടതിയില്‍ വേണമെന്ന് അന്തിമ തീരുമാനം എടുക്കുക.കേസിലെ 16 പ്രതികളിൽ എട്ട് പേർ ഇപ്പോഴും ഒളിവിലാണ്. ശേഷിക്കുന്ന എട്ട് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *