ട്രാഫിക്ക് പൊലീസിന‍െ തല്ലിയ കേസ്; തിരിച്ചറിഞ്ഞവരെല്ലാം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളെന്ന് പൊലീസ്

Share this News with your friends

ഗതാഗത നിയമം ലംഘിച്ച ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നടത്തിയത് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവര്‍ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിഞ്ഞത്.

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ ആരോമലിന്‍റെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളാണ് ട്രാഫിക്ക് നിയമം തെറ്റിച്ച് ബൈക്കോടിച്ചത്. ഇത് ചോദ്യം ചെയ്ത പൊലീസുകാരെ ഇയാള്‍ തല്ലുകയായിരുന്നുനെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ  വിനയ ചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നീ  പൊലീസുകാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്ത്  പേര്‍ക്കെതിരെ കേസെടുത്തു.  അക്രമികളെല്ലാം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളാണെന്നും ഇവരെ സിസിടിവി ദൃശ്യത്തില്‍  നിന്ന് തിരിച്ചറിയാന്‍ ശ്രമം നടക്കുന്നതായും പൊലീസ് പറഞ്ഞു.

തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിന് സമീപം ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. ഗതാഗത നിയമം ലംഘിച്ച ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മൂന്ന് പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ വിനയ ചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അക്രമം നടക്കുമ്പോള്‍ പൊലീസുകാര്‍ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ട്രാഫിക്ക് നിയമം ലംഘിച്ച് യു-ടേണ്‍ എടുത്ത ബൈക്ക് ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. തര്‍ക്കത്തിനിടെ യുവാവ് പൊലീസുകാരനെ പിടിച്ച് തള്ളുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതോടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരായ വിനയ ചന്ദ്രനും ശരതും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് ഇരുവരെയും മര്‍ദ്ദിച്ചു.

ഏതാണ്ട് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. യാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു മര്‍ദ്ദനം. അക്രമികളെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നില്ല. സംഘര്‍ഷത്തിനിടെ ആരോമല്‍ വിളിച്ച് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയത്. പൊലീസിനെ മര്‍ദ്ദിച്ച ഇവര്‍ പിന്നീട് ഇവിടെ നിന്ന് കടന്നു. അല്ലാതെ ഇവരെ നേതാക്കള്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ ഇവിടെ നിന്ന് രക്ഷപ്പെട്ട അമല്‍ കൃഷ്ണ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടി. പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം മര്‍ദ്ദനമേറ്റ പൊലീസുകാരെ ഉപേക്ഷിച്ച് കടന്നിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തതായി കണ്‍ട്രോള്‍മെന്‍റ് പൊലീസ് പറഞ്ഞു.

രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് പൊലീസുകാര്‍ മര്‍ദ്ദിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെ വേദിയായ കനകക്കുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് മര്‍ദ്ദനമേറ്റിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *