ഒട്ടേറെ പരിപാടികള്‍; 12 ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിച്ചു

Share this News with your friends

പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനം, ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങ് എന്നിവയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍.

കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംരംഭകരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെതര്‍ലാന്‍റ്സില്‍ നാളെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ഐടി മേഖലയിലെ കൂട്ടായ്മയായ ടി എന്‍ ഒവിന്‍റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

നെതര്‍ലാന്‍റ്സിലെ വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും നാളെ കൂടിക്കാഴ്ചയുണ്ട്, പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാന്‍റ്സ് നടപ്പാക്കിയ “Room for River” പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും. മെയ് 10ന് നെതര്‍ലാന്‍റ്സ് ജലവിഭവ – അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായി ചര്‍ച്ച നടത്തും.

വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ച ചെയ്യും. മെയ് 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. പരിസ്ഥിതി സൗഹൃദവും അതിജീവനശേഷിയുളളതുമായ പുനര്‍നിര്‍മ്മാണ പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.

മെയ് 14ന് സ്വിറ്റ്സ്ര്‍ലാന്‍റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പങ്കെടുക്കും.

കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ എം എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും. യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മെയ് 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *