ദേശീയപാതാ വികസനം, പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി മുഖ്യമന്ത്രി; കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി

Share this News with your friends

കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തുവെന്ന് ഗഡ്കരി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ട്. മറ്റ് സംസ്ഥാനങ്ങലെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കേരളത്തില്‍ മൂന്നോ നാലോ മടങ്ങ് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

അതുകൊണ്ട് പ്രൊജക്ടുകള്‍ സാമ്പത്തികമായി ലാഭകരമല്ല. ഇപ്പോള്‍ രണ്ട് വരി പാതയില്‍ നിന്ന് ആറ് വരിയിലേക്കാണ് മാറുന്നത്. എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് ചര്‍ച്ച ചെയ്തു. തങ്ങളുടെ ഭാഗത്ത് നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

കേന്ദ്ര വിദേശ കാര്യ സഹമന്ത്രി  വി മുരളീധരൻ, സംസ്ഥാന പൊതു മരാമത്ത് വകുപ്പ്‌ മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഗതാഗതമന്ത്രിയെ കണ്ടത്.

കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *