റബര്‍ കര്‍ഷകര്‍ക്ക്‌ നിരാശ ബാക്കി

Share this News with your friends

റബറിനെക്കുറിച്ചു നന്നായി അറിയാവുന്ന മന്ത്രി അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ വാനോളം പ്രതീക്ഷയര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ക്കു നിരാശ. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്തു വാണിജ്യമന്ത്രിയായിരിക്കെ നിര്‍മല സീതാരാമന്‍ റബര്‍നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു യോഗം വിളിച്ചുചേര്‍ക്കുകയും അഭിപ്രായം സ്വരൂപീക്കുകയും ചെയ്‌തിരുന്നു. നയം പ്രഖ്യാപിച്ചതു മറ്റൊരു മന്ത്രിയാണെങ്കിലും റബര്‍ മേഖലയെക്കുറിച്ചു കൃത്യമായ ബോധ്യമുള്ള വ്യക്‌തി അവതരിപ്പിക്കുന്ന ബജറ്റില്‍ തങ്ങള്‍ക്കു ഗുണകരമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നു കര്‍ഷകര്‍ കരുതിയതു സ്വാഭാവികം. റബറിനു ഗുണകരമാകുന്ന പദ്ധതികളുണ്ടാകുമെന്ന ബി.ജെ.പി. നേതാക്കളുടെ പ്രതീക്ഷയും അസ്‌ഥാനത്തായി. റബര്‍ബോര്‍ഡിനുള്ള വിഹിതത്തില്‍ നേരിയ വര്‍ധനയുണ്ടായതു മാത്രമാണ്‌ ഏക ആശ്വാസം. വാര്‍ഷിക വിഹിതം കുറച്ചിരുന്ന മുന്‍കാല ബജറ്റുകളില്‍നിന്നു ഭിന്നമായി 170 കോടി രൂപയാണ്‌ ഇത്തവണ നീക്കിവച്ചിരിക്കുന്നത്‌. ഏതാനും വര്‍ഷംമുമ്ബുവരെ റബര്‍ ബോര്‍ഡ്‌ വിഹിതം 200 കോടി രൂപയ്‌ക്കു മുകളിലായിരുന്നു. 2016-ലാണു സമീപകാലത്ത്‌ ഏറ്റവും കുറവു തുക അനുവദിച്ചത്‌; 132 കോടി രൂപ. 2017-ല്‍ 142.6 കോടി, 2018-ല്‍ 146 കോടി എന്നിങ്ങനെയായിരുന്നു ബജറ്റ്‌ വിഹിതം. പ്രവര്‍ത്തനച്ചെലവ്‌ 148 കോടി രൂപയായിരിക്കെയാണ്‌ 2018ല്‍ 146 കോടി രൂപ അനുവദിച്ചത്‌. സിന്തറ്റിക്‌ റബറിലെ ഒരു വിഭാഗത്തിന്റെ തീരുവ വര്‍ധിപ്പിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപനമുണ്ട്‌. ഇതു പക്ഷേ, സ്വാഭാവിക റബറിന്റെ വിലവര്‍ധനയെ സഹായിക്കുന്നതല്ലെന്നു വ്യാപാരികള്‍ പറയുന്നു.
ഓരോ വര്‍ഷവും തുക കുറച്ചതിനെത്തുടര്‍ന്നു ഫീല്‍ഡ്‌ ഓഫീസുകള്‍ നിര്‍ത്തലാക്കിയും ആവര്‍ത്തനക്കൃഷിക്കു സബ്‌സിഡി മരവിപ്പിച്ചും ബോര്‍ഡ്‌ ചെലവു ചുരുക്കിയപ്പോള്‍ വെട്ടിലായതു കര്‍ഷകരായിരുന്നു. പിന്നീട്‌, സബ്‌സിഡി പുനഃസ്‌ഥാപിക്കുമെന്നതുള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു തട്ടിക്കൂട്ട്‌ റബര്‍ നയം പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്കു ഗുണകരമാകുന്ന പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. റബര്‍വില വര്‍ധിപ്പിക്കാന്‍ ഉതകുന്ന പ്രഖ്യാപനങ്ങളൊന്നുമില്ലാത്തതിനാല്‍ ഇനി മേഖലയില്‍ തുടരുന്നത്‌ ആത്മഹത്യാപരമായിരിക്കുമെന്നാണു ബഹുഭൂരിപക്ഷം കര്‍ഷകരുടെയും അഭിപ്രായം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *