ടയറുകളുടെ നിറം എന്നും കറുപ്പ് മാത്രം, കാരണം അറിയുമോ?

Share this News with your friends

ഓരോ കാലത്തും വിവിധ വര്‍ണങ്ങള്‍ വാഹനങ്ങള്‍ക്ക് ഭംഗി കൂട്ടുമ്പോഴും പാവം ടയറുകള്‍ മാത്രം എന്നും കറുത്ത നിറത്തിൽ മാത്രം കാണപ്പെടുന്നത് എന്തുകൊണ്ടാണ്? അതും ടയറുണ്ടാക്കാന്‍ ഉപയോഗിക്കുന്ന റബര്‍ നല്ല പാലപ്പത്തിന്‍റെ നിറത്തിലിരിക്കുമ്പോള്‍ എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? നിരവധി പേര്‍ ഈ സംശയത്തിന് ഉടമകളായിരിക്കും. അതിനുള്ള കാരണം അറിയേണ്ടേ?

ആദ്യകാലത്ത് ടയറുകൾക്ക് കറുപ്പ് നിറം ആയിരുന്നില്ല എന്നതാണ് സത്യം. പ്രകൃതിദത്തമായി കിട്ടുന്ന റബറിന് വെളുത്തനിറം തന്നെയായിരുന്നു. പക്ഷേ ആ ടയറുകൾക്കു തേയ്‍മാനം കൂടുതലായിരുന്നു.  അതിനാൽ റബറിൽ കാർബൺ ബ്ലാക്ക് ചേർത്തു ടയർ ഉണ്ടാക്കി തുടങ്ങി. അതോടെ അവയ്ക്കു തേയ്മാനം കുറഞ്ഞു. കൂടാതെ ചൂടും കുറഞ്ഞു. പക്ഷേ കാര്‍ബണ്‍ കാരണം ടയര്‍ കറുത്തും പോയി.

കാര്‍ബണ്‍ ബ്ലാക്ക് എങ്ങിനെയാണ് ടയറിനെ സംരക്ഷിക്കുന്നത് എന്നറിയേണ്ടേ? ടയറിന്റെ പുറംഭാഗം നിര്‍മ്മിക്കുന്നതിനായുള്ള പോളിമറുകളെ ദൃഢീകരിക്കുകയാണ് കാര്‍ബണ്‍ ബ്ലാക്ക് ചെയ്യുന്നത്. റബ്ബറുമായി മിശ്രിതപ്പെടുന്ന കാര്‍ബണ്‍ ബ്ലാക്ക്, ടയറുകളുടെ കരുത്തും ഈടുനില്‍പും കൂട്ടുന്നു. ടയറിന്റെ പുറംഭാഗം, ബെല്‍റ്റ് ഏരിയ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഉടലെടുക്കുന്ന താപത്തെ കാര്‍ബണ്‍ ബ്ലാക്ക് പ്രവഹിപ്പിക്കും. ഇത്തരത്തില്‍ ടയറുകളുടെ കാലയളവ് കാര്‍ബണ്‍ ബ്ലാക്ക് വര്‍ധിപ്പിക്കും.

കൂടാതെ, അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ടയറുകളെ കാര്‍ബണ്‍ ബ്ലാക് സംരക്ഷിക്കുന്നു. അങ്ങനെ ടയറുകളുടെ ഗുണമേന്‍മയും നിലനിര്‍ത്തുന്നു. കരുത്തിനും ഈടുനില്‍പിനും ഒപ്പം ഡ്രൈവിംഗ് സുരക്ഷയും കാര്‍ബണ്‍ ബ്ലാക് നല്‍കുന്നു. ഹാന്‍ഡ്‌ലിംഗ്, ആക്‌സിലറേഷന്‍, ബ്രേക്കിംഗ്, റൈഡിംഗ് കംഫോര്‍ട്ട് എന്നിവയെ ഒക്കെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ടയറുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ സുരക്ഷിതമായ ഡ്രൈവിംഗ് സാഹചര്യമൊരുക്കി നമ്മുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് ഏറെ സഹായിക്കുന്നത് ടയറുകളുടെ ഈ കറുപ്പ് നിറമാണ്.

ചില പ്രത്യേക ആവശ്യങ്ങക്കു മാത്രമാണ് ഇപ്പോൾ മറ്റു നിറങ്ങളില്‍ ടയറുകൾ ഉപയോഗിക്കുന്നത്. വെളുപ്പ് നിറത്തിലെ റബറിനുകൂടെ ‘കളർ പിഗ്മെന്റസുകൾ’ ചേർത്താൽ മറ്റു നിറങ്ങളിലുള്ള ടയറുകൾ ഉണ്ടാക്കാം. പക്ഷെ അവയ്ക്കു തേയ്മാനം കൂടും. കറുത്ത ടയറിനു മുകളിൽ പല നിറങ്ങളിലുള്ള റബറിന്റെ ചെറിയ ഷീറ്റുകൾ ടയറിന്റെ വശങ്ങളിലായി ഒട്ടിച്ചുചേർത്തും പല നിറത്തിലുള്ള ടയറുകൾ ഉണ്ടാക്കാറുണ്ട്. പക്ഷെ അവ എളുപ്പം അഴുക്കു പിടിക്കും. ഒന്നു കഴുകിവൃത്തിയാക്കണമെങ്കില്‍ പോലും കറുപ്പ് നിറം തന്നെയാണ് മികച്ചത്. അതിനാൽ കറുത്ത ടയർ തന്നെയാണ് ഉത്തമം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *