22 ദിവസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം ; ബിജെപി വനിതാ എംപിമാര്‍ 
മിണ്ടാത്തതെന്ത് ; കത്തയച്ച് ​ഗുസ്തിതാരങ്ങള്‍

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി

ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയർത്തുന്ന ബിജെപിയുടെ വനിതാ എംപിമാർ ഗുസ്‌തി താരങ്ങളുടെ സമരത്തെ അവഗണിക്കുന്നതിൽ രൂക്ഷവിമർശവുമായി സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്‌മൃതി ഇറാനി, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങി ബിജെപിയുടെ 43 വനിത എംപിമാർക്ക്‌ പിന്തുണ ആവശ്യപ്പെട്ട്‌ ഇ–- മെയിലയച്ചു. തിങ്കൾമുതൽ സമരക്കാരെ പ്രതിനിധാനംചെയ്‌ത്‌ മറ്റു താരങ്ങൾ ഇവർക്ക്‌ നേരിട്ടും കത്ത്‌ നൽകും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ 22 ദിവസമായി ജന്തർ മന്തറിൽ സമരം തുടരുന്നത്‌.

സ്‌ത്രീകൾ എന്ന നിലയിലെങ്കിലും നീതിക്കായുള്ള സമരത്തെ പിന്തുണയ്‌ക്കണമെന്ന്‌ വിനേഷ്‌ ഫോഗട്ട്‌, സാക്ഷി മലിക്‌, ബജ്‌റംഗ്‌ പൂനിയ എന്നിവർ കത്തിൽ എംപിമാരോട്‌ അഭ്യർഥിച്ചു. അതേസമയം, ഗുസ്‌തി ഫെഡറേഷൻ നിയന്ത്രണം അഡ്‌ഹോക്‌ കമ്മിറ്റി പൂർണമായും ഏറ്റെടുത്തത്‌ ആദ്യവിജയമെന്ന്‌ പൂനിയ മാധ്യമങ്ങളോട്‌ പറഞ്ഞു. പിന്തുണയ്‌ക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട്‌ തിങ്കളാഴ്‌ച ഓഫീസ്‌ പരിസരത്ത്‌ പ്രതിഷേധിക്കാനും താരങ്ങൾ ആഹ്വാനം ചെയ്‌തു.

അതിനിടെ, സമരവേദിയിലേക്ക്‌ ഐക്യദാർഢ്യവുമായി അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ടും ജോയിന്റ്‌ സെക്രട്ടറി വി ശിവദാസൻ എംപിയും അടക്കമുള്ള നേതാക്കളെത്തി. നീതിക്കായുള്ള പോരാട്ടത്തിൽ രാജ്യം താരങ്ങൾക്കൊപ്പമുണ്ടെന്ന്‌ ശിവദാസൻ വ്യക്തമാക്കി. ഇത്‌ പ്രധാനമന്ത്രിക്കും ബിജെപിക്കും മനസ്സിലായിട്ടില്ല. അവർ ബ്രിജ്‌ഭൂഷണെ സംരക്ഷിക്കുകയാണ്‌. കർഷക സംഘടനകൾ അടക്കം വിവിധ സംഘടനകളെ യോജിപ്പിച്ച്‌ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും–- ശിവദാസൻ പറഞ്ഞു. മഹാരാഷ്‌ട്രയിൽനിന്നുള്ള സിപിഐ എം എംഎൽഎ വിനോദ്‌ നിക്കോളെയും സമരവേദി സന്ദർശിച്ചു.

ഐക്യദാർഢ്യ 
മാർച്ചുമായി 
എസ്‌എഫ്‌ഐ

ഗുസ്‌തി താരങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി സമരവേദിയിലേക്ക്‌ മാർച്ച്‌ നടത്തി എസ്‌എഫ്‌ഐ. രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽനിന്ന്‌ നൂറുകണക്കിനു പ്രവർത്തകർ മാർച്ചിനെത്തി. ഇന്ത്യയുടെ പതാക ലോകത്തിന്‌ നെറുകയിൽ ഉയർത്തിയവർക്കാണ്‌ സമരമിരിക്കേണ്ടി വന്നതെന്നും മറ്റു വിദ്യാർഥി സംഘടനകളുമായി ചേർന്ന്‌ മോദി സർക്കാരിനെതിരെ സംയുക്ത പ്രക്ഷോഭം ഉയർത്തുമെന്നും അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു പറഞ്ഞു. എസ്‌ഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, ആദർശ്‌ എം സജി, ദിപ്‌സിത ധർ, ഐഷി ഘോഷ്‌ തുടങ്ങിയവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!