പ്രണയപ്പക: പെൺകുട്ടിക്കു കേൾവിശക്തി നഷ്ടപ്പെടും

Share this News with your friends

പ്രണയം നിരസിച്ചതിനു സഹപാഠിയുടെ ക്രൂരമർദനത്തിന് ഇരയായ വിദ്യാർഥിനിക്കു കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടേക്കുമെന്ന് ഡോക്ടർമാർ. വിദ്യാർഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷം ശസ്ത്രക്രിയ നടത്താമെന്നാണു ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാലും കേൾവിശക്തി പൂർണമായും തിരിച്ചു കിട്ടുമെന്ന് ഉറപ്പു നൽകിയിട്ടില്ല. ഇപ്പോൾ ഇടുക്കിയിലെ വീട്ടിലാണു പെൺകുട്ടി. യുവാവിന്റെ ആക്രമണത്തിൽ മാനസികമായി തകർന്ന കുട്ടി സാധാരണ നിലയിലായിട്ടില്ല. ഉണർന്നെഴുന്നേൽക്കുമ്പോൾ ചെവിയിൽ അടിയുടെ ശബ്ദം മുഴങ്ങുന്നെന്നാണു കുട്ടി പറയുന്നത്. പലതവണ അടിയേറ്റതിനാൽ ചെവിക്കുള്ളിലെ മുറിവ് ഗുരുതരമാണ്. ഇയർ ബാലൻസിങ്ങിന്റെ ബുദ്ധിമുട്ടുള്ളതിനാൽ എഴുന്നേറ്റു നടക്കാൻ സാധിക്കുന്നില്ല. ഷൂസിട്ട് ചവിട്ടിയതിനാൽ കാലിനും മുറിവുണ്ട്.

വിദ്യാർഥിനിയെ മർദിച്ച യുവാവിനെ കോളജിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചത് അടക്കമുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ചികിത്സയ്ക്കായി കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സഹായവുമുണ്ടായില്ലെന്നും കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. കഴിഞ്ഞ 18ന് ആണ് ഇടുക്കിയിലെ സ്വകാര്യ കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനി സഹപാഠിയുടെ ക്രൂരമർദനത്തിന് ഇരയായത്. ഉച്ചയ്ക്കു ക്ലാസിലെ ആൺകുട്ടികൾ ഊണു കഴിക്കാൻ പോയപ്പോൾ യുവാവ് ക്ലാസിൽ കയറി കതക് അകത്തുനിന്നു പൂട്ടിയ ശേഷം വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനികൾ കതക് ചവിട്ടിത്തുറന്ന് ഒച്ചവച്ച ശേഷമാണ് യുവാവ് പിന്മാറിയത്. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവത്രേ. പിന്നീട് പെൺകുട്ടി പ്രണയത്തിൽനിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *