പച്ചക്കൊളുന്തിന്‌ വിലയിടിയുന്നു

Share this News with your friends

പച്ചക്കൊളുന്തിന്‌ വിപണിയിൽ വിലയില്ല. വിളവെടുത്ത പച്ചകൊളുന്ത് എന്ത് ചെയ്യണമെന്നറിയാതെ കർഷകർ വലയുന്നു. ഫാക്ടറികളിൽ ടീ ബോർഡ്‌ നിശ്ചയിക്കുന്ന അടിസ്ഥാനവിലയുടെ അടിസ്ഥാനത്തിലാണ് പച്ചക്കൊളുന്ത് എടുത്തിരുന്നത്. മാസങ്ങൾക്ക് മുന്പ് പന്ത്രണ്ടുരൂപയിലേറെ വില നിശ്ചയിച്ചിരുന്ന സമയത്ത് ഒൻപതുരൂപയിൽ താഴെ മാത്രമാണ് കർഷകർക്ക് വിലയായി കിട്ടിയിരുന്നത്. സെപ്റ്റംബർ മാസം പച്ചക്കൊളുന്തിന് കിലോയ്ക്ക് 9.88 രൂപ ശരാശരി അടിസ്ഥാനവിലയായി ടീ ബോർഡ്‌ നിശ്ചയിച്ചു. അതോടെ ഗുണനിലവാരവും ഫൈൻ കൊളുന്തിന്റെ ശതമാനവും നോക്കിയശേഷം കർഷകർക്ക് ന്യായവില കിട്ടില്ല.

കാലാവസ്ഥ അനുകൂലമാകുകയും ഇടവിട്ട് മഴ പെയ്യുകയും ചെയ്തതോടെ ഉത്പാദനം കൂടിയെങ്കിലും വില കിട്ടാത്തതും വൻകിട തേയില ഫാക്ടറികൾ കൊളുന്ത് എടുക്കാത്തതുമാണ് ചെറുകിട തേയില കർഷകരെ വലയ്ക്കുന്നത്. കൂടുതൽ തുക ആവശ്യപ്പെട്ടാൽ ഗുണമേന്മ ഇല്ലെന്ന പേരിൽ കൊളുന്ത് ഫാക്ടറിയിൽനിന്നു തിരിച്ചയക്കുകയാണ് പതിവ്. സംഭരിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ കർഷകർ കിട്ടുന്ന വിലയ്ക്ക് തന്റെ ഉത്പന്നം വിൽക്കാൻ തയ്യാറാവുകയാണ്. ഓരോമാസവും പച്ചക്കൊളുന്തിനു നൽകേണ്ട അടിസ്ഥാനവില ടീ ബോർഡ് നിശ്ചയിച്ച് അറിയിക്കുന്നുണ്ടെങ്കിലും ഇത് നടപ്പിലാകുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. വിലകുറയുന്ന സമയത്ത് കൃത്യമായി നടപ്പിലാക്കുമെങ്കിലും വില ഉയരുന്ന അവസരങ്ങളിൽ നടപടിയുണ്ടാകാറില്ല.പരാതി നൽകിയാൽ നടപടിയെടുക്കുമെന്നാണ് ടീ ബോർഡിൻറെ നിലപാട്. ഗുണമേന്മ കൂട്ടാൻ കൃത്യമായ ഇടവേളകളിൽ ചെടികൾ നനച്ചും വിലകൂടിയ മരുന്നുകൾ പ്രയോഗിച്ചുമാണ് കൃഷി നടത്തുന്നത്. അടിസ്ഥാനവിലയെങ്കിലും കിട്ടിയില്ലെങ്കിൽ കൃഷി പാടെ നഷ്ടത്തിലാകുമെന്ന് കർഷകർ പറയുന്നു. പച്ചക്കൊളുന്തിനു മാസാമാസം അടിസ്ഥാനവില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 2015-ൽ പുതുക്കിയ ടീ മാർക്കറ്റിങ്‌ കൺട്രോൾ ഓർഡർ പ്രകാരമാണ് വില നിശ്ചയിക്കുന്നത്. ഓർഡർ പ്രകാരം നിശ്ചയിച്ച വിലയോ പ്രൈസ് ഷെയറിങ് ഫോർമുല പ്രകാരമുള്ള വിലയോ, ഇതിൽ ഉയർന്ന വിലയോ ആണ് ഫാക്ടറി ഉടമകൾ തേയില കർഷകർക്ക് നൽകേണ്ടത്.

 

You May Also Like

Leave a Reply

Your email address will not be published. Required fields are marked *