കാലാവസ്ഥ വ്യതിയാനം; കാപ്പിക്കർഷകർ ആശങ്കയിൽ

Share this News with your friends

വിലക്കുറവിനൊപ്പം കാലാവസ്ഥ വ്യതിയാനവും കാപ്പിക്കർഷകർക്ക്‌ പ്രതികൂലമാകുന്നു. ഉണങ്ങിയ കാപ്പിപ്പരിപ്പിന്‌ മാസങ്ങളായി 110‐ 125നും ഇടയിലാണ്‌ ശരാശരി വില ലഭിക്കുന്നത്‌. കാപ്പി തൊണ്ടോടുകൂടിയതിനാണെങ്കിൽ 55‐ 60 രൂപ മാത്രവും. കീടബാധ പ്രതിരോധത്തിനും വളപ്രയോഗത്തിനും വേണ്ട പണംപോലും കിട്ടാത്ത അവസ്ഥയിലാണ്‌ കർഷകർ. ഇതിനിടെ ജില്ലയിൽ കാവേരി, അറബി ഇനങ്ങളിലുള്ള ചെടികളിൽ കാപ്പിക്കുരു പഴുത്തുതുടങ്ങി. പച്ചയും പഴവും ഇടകലർന്നതിനാൽ പൂർണമായും കാപ്പിക്കുരു വിളവെടുക്കാനാവുന്നില്ല. മണിക്കൂറുകൾ ചെലവഴിച്ച്‌ എങ്ങനെയെങ്കിലും വിളവെടുത്താലും കാലംതെറ്റിയ മഴയിലും ഈർപ്പം കലർന്ന കാലാവസ്ഥയിലും ഉണക്കിയെടുക്കാനും കഴിയാത്ത സ്ഥിതിയാണ്‌. റോബസ്റ്റാ കാപ്പിക്ക്‌ കീടശല്യവും കമ്പ്‌ ഉണക്കും ഉണ്ടാകുന്നുണ്ട്‌. ഫംഗസ്‌ ബാധയിൽ ഏക്കർകണക്കിന്‌ തോട്ടങ്ങളിലെ കാപ്പിക്കുരു പൂപ്പൽവന്ന്‌ ഉണങ്ങി കൊഴിഞ്ഞുപോയി. ഇത്‌ ഉൽപ്പാദനത്തെ ഗണ്യമായി കുറയ്‌ക്കുകയും ചെയ്‌തു.

വർഷത്തിൽ ഒരുതവണമാത്രം വിളവ്‌ ലഭിക്കുന്ന കാപ്പിക്ക്‌ പതിറ്റാണ്ടുകളായി വില കുറവായതിനാൽ പലരും വിളവ്‌ ഉപേക്ഷിക്കുകയാണ്‌. ഇപ്പോൾ ഏലം, വാനില തുടങ്ങിയ കൃഷികളിലേക്ക്‌ കർഷകരും മാറുകയാണ്‌. കോഫി ബോർഡിൽനിന്നുള്ള ഓൺലൈൻ വിപണന സാധ്യതകളിലാണ്‌ കർഷകരുടെ പ്രതീക്ഷ. സബ്‌സിഡി, ഇൻഷുറൻസ്‌, ജലസേചന സൗകര്യങ്ങൾ തുടങ്ങിയ പരിമിത സഹായങ്ങളാണ്‌ ബോർഡിൽനിന്ന്‌ ലഭിക്കുന്നത്‌. ഇപ്പോൾ മികച്ചയിനം തൈകളും വിതരണം ചെയ്യുന്നുണ്ട്‌. കട്ടപ്പന‐ ഇടുക്കി റൂട്ടിൽ വാഴവരയിലുള്ള കോഫി ബോർഡിൽനിന്ന്‌ മണ്ണ്‌ പരിശോധനയും വിദഗ്‌ധസൗകര്യങ്ങളും നൽകുന്നുണ്ട്‌.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *