താരമായി കാന്താരി

Share this News with your friends

ഹൈറേഞ്ചിൽ മിശ്രകൃഷി നടത്തുന്ന കർഷകരുടെ പറമ്പിലെ താരമായി കാന്താരി. ഒരുകാലത്ത് ആരും ശ്രദ്ധിക്കാതെകിടന്നിരുന്ന കാന്താരിമുളകിന്റെ വില ഇപ്പോൾ കിലോയ്ക്ക് ആയിരം കടന്നതോടെ കർഷകർ സന്തോഷത്തിലാണ്. ‌ ജില്ലയിൽ 300 മുതൽ 600 രൂപവരെയാണ് കാന്താരിയുടെ വില. ജില്ലകടന്ന് മറ്റു സ്ഥലങ്ങളിലേക്കെത്തുമ്പോൾ വില 1000 മുതൽ 1300 വരെയെത്തും. മേയ്, ജൂൺ, ജൂലായ്‌ മാസങ്ങളിലാണ് കാന്താരിയുടെ സീസൺ. മറ്റുസമയങ്ങളിലും കാന്താരി ഉണ്ടാകുമെങ്കിലും ഏറ്റവും കൂടുതൽ വിളവ് ഈ സീസണിലാണ് ലഭിക്കുന്നത്. എല്ലാസമയത്തും വിപണിയുള്ളത് കാന്താരിക്കൃഷി ലാഭകരമാക്കുന്നു. വിനോദസഞ്ചാര മേഖലയിൽ വൻ ഡിമാൻഡ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും കാന്താരിക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ കാന്താരി ഉപ്പിലിട്ടതും കാന്താരി അച്ചാറും സുർക്കയിലിട്ട കാന്താരിയും വലിയ വിലയ്ക്ക് വാങ്ങിക്കൊണ്ടുപോകുന്നുണ്ട്.

ഒാരോവർഷവും കാന്താരിക്ക് ആവശ്യക്കാർ ഏറുന്നുണ്ടെങ്കിലും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. കർഷകർക്കിടയിൽ കാന്താരിയുടെ വിപണിയെക്കുറിച്ചുള്ള അവബോധക്കുറവും വിത്ത് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ഇതിന് പ്രധാന കാരണം. കൃഷിവകുപ്പിൽനിന്ന്‌ കാന്താരിക്കൃഷിക്ക് പ്രത്യേക സഹായങ്ങൾ നൽകാനായാൽ കൃഷി ഹൈറേഞ്ച് മേഖലയിലാകമാനം വ്യാപിപ്പിക്കാനാവും. നാടൻ കാന്താരിയുടെ ലഭ്യത കുറവായതിനാൽ, തമിഴ്നാട്ടിൽനിന്നെത്തുന്ന വെള്ളക്കാന്താരി നാടനോടൊപ്പം കലർത്തി വിവിധ ഉത്പന്നങ്ങളാക്കി വില്പന നടത്തുകയാണ് കച്ചവടക്കാർ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *