വിലയിടിവിൽ കാപ്പി കൃഷി ഉപേക്ഷിച്ച് കര്‍ഷകർ; വാനരപ്പടയ്ക്ക് കുശാല്‍..

Share this News with your friends

കാപ്പിക്കുരുവിന് വിലയിടിഞ്ഞതോടെ വിളവെടുക്കാതെ കൃഷി ഉപേക്ഷിച്ച് ഇടുക്കിയിലെ കർഷകർ. കർഷകർ കാപ്പിക്കുരു പറിക്കാതായതോടെ കുശാലായത് മേഖലയിലെ വാനരപ്പടയ്ക്കാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏക്കറുകണക്കിന് തോട്ടങ്ങളിലെ കാപ്പിക്കുരുവാണ് വാനര സംഘം തിന്നു തീർത്തത്. കാപ്പിക്കുരുവിന് ഈ വർഷം വൻ വിലത്തകർച്ചയാണ് ഉണ്ടായത്. കാപ്പിപ്പരിപ്പിന് 62 മുതൽ 70 രൂപ വരെയാണ് നിലവിലെ വില. തൊണ്ട് ഉൾപ്പടെ 22 രൂപയും. റോബസ്റ്റാ,അറബിക്കാ ഇനങ്ങൾക്കാണ് അൽപം ഭേദപ്പെട്ട വില ലഭിക്കുന്നത്. മേട്ടുകാപ്പി എന്നറിയപ്പെടുന്ന കോഫി ലൈബീരിയ, ഏറ്റവും മുഴുത്ത കായകൾ ലഭിക്കുന്ന കാവേരി എന്നീ ഇനങ്ങൾക്ക് 50 രൂപയിൽ താഴെ മാത്രമാണ് വില.

ഇടുക്കിയിൽ ഏറ്റവും കൂടുതൽ കാപ്പികൃഷി നടത്തുന്ന പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, രാമക്കൽമേട് -കരുണാപുരം തുടങ്ങിയിടങ്ങളിലാണ് കാപ്പിക്കുരു പഴുത്ത് പാകമായിട്ടും വിളവെടുക്കാതെ ഉപേക്ഷിച്ചത്. കാപ്പി ക്കുരു പറിക്കുന്നതിന് ഒരു ദിവസത്തെ കൂലി 600 മുതൽ 750 രൂപ വരെയാണ്. ഒരാളെ നിർത്തി പറിപ്പിച്ചാൽക്കൂടി പണിക്കൂലി കൊടുക്കുവാനുള്ള തുകകൂടി ലഭിക്കില്ല. ഇതോടെ കുശാലായത് മേഖലയിലെ വാനരപ്പടയ്ക്കാണ്. കേരള തമിഴ്നാട് അതിർത്തി മേഖലയിലെ കർഷകർക്ക് സ്ഥിരം ശല്യക്കാരായ വാനരക്കൂട്ടത്തിന്റെ വിഹാരകേന്ദ്രമായ് കാപ്പിത്തോട്ടങ്ങൾ മാറി.

പഴുത്ത് പാകമായ കാപ്പി കുരുവിന്റെ തൊലിയും മാംസളമായ ഭാഗങ്ങളും ഇവ അകത്താക്കും. കൂട്ടത്തിൽ അടുത്തുള്ള മറ്റ് വിളകളും ഇവ നശിപ്പിക്കും.കാപ്പിക്കു പുറമെ വാഴ, ഏലം തുടങ്ങിയവയും ഇവർ അകത്താക്കും. കാപ്പിക്ക് ന്യായവില ലഭ്യമായില്ലങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കുവാനൊരുങ്ങുകയാണ് കർഷകർ. കഴിഞ്ഞവർഷം നിരവധി കർഷകർ കാപ്പിച്ചെടികൾ വെട്ടിമാറ്റി ഏലം കൃഷി ചെയ്തിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *