അതിർത്തിക്കപ്പുറം തക്കാളിവില നാലുരൂപ; കേരളത്തിൽ 20

Share this News with your friends

കേരള അതിർത്തിയിലെ പച്ചക്കറി ചന്തകളിൽ തക്കാളി വില ഗണ്യമായി കുറഞ്ഞു. ഒരു കിലോ തക്കാളിക്ക് നാലുരൂപ മാത്രമാണ് വില. 14 കിലോ വരുന്ന തക്കാളി പെട്ടിക്ക് പരമാവധി വില ലഭിച്ചത് 50 രൂപയാണ്. എന്നാൽ ഇടനിലക്കാർ മുഖാന്തിരം കേരളത്തിലെത്തുന്ന തക്കാളിക്ക് കിലോയ്ക്ക് 20 മുതൽ 25 രൂപ വരെയാണ് ഈടാക്കുന്നത്. ഉദുമൽപ്പേട്ട, പൊള്ളാച്ചി, തിരുപ്പൂർ, പഴനി, ഒട്ടൻചത്രം എന്നീ ചന്തകളിലാണ് തക്കാളി കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നത്.കേരളാതിർത്തിയിലെ നൂറിലധികം ഗ്രാമങ്ങളിൽ നിന്നാണ് ചന്തകളിൽ തക്കാളി എത്തുന്നത്. കനത്ത ചൂടിൽ തക്കാളി പെട്ടെന്ന് പഴുക്കുന്നതിനാൽ പച്ചയോടുകൂടി പറിച്ച് എത്തിക്കും. രണ്ടുദിവസത്തിനകം തക്കാളി പഴുക്കും. എല്ലായിടത്തുനിന്നും കൂടുതൽ തക്കാളി വിപണിയിൽ എത്തിയതാണ് വില കുറയാൻ കാരണം. കഴിഞ്ഞയാഴ്ച 14 കിലോ തൂക്കമുള്ള ഒരു പെട്ടി തക്കാളിയുടെ വില 100 രൂപയ്ക്ക് മുകളിലായിരുന്നു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി മേഖലയിൽ നിന്നുമുള്ള വ്യാപാരികൾ ഈ ചന്തകളിലെത്തി തക്കാളി വാങ്ങുന്നുണ്ട്. എന്നാൽ, അതിർത്തി കടന്ന് കേരളത്തിലെ വിപണികളിൽ എത്തുമ്പോൾ തക്കാളിയുടെ വില പലയിരട്ടിയാകും. കഴിഞ്ഞവർഷവും ഈ സമയത്ത് തക്കാളിയുടെ വില സമാനമായി കുറഞ്ഞിരുന്നു. ഏപ്രിൽ മാസം വരെ വിലയിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്ന് വ്യാപാരികൾ പറയുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *