വാട്‌സാപ്പില്‍ പേഴ്‌സണല്‍ ചാറ്റിലൂടെയുള്ള അധിക്ഷേപം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി

Share this News with your friends

: വാട്‌സാപ്പില്‍ പേഴ്‌സണല്‍ ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകള്‍ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനെതിരെ ചുമത്തിയ അശ്ലീല പ്രവൃത്തികള്‍ ചെയ്തതിന് മൂന്ന് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന ഐപിസി 294-ാം വകുപ്പനുസരിച്ചുള്ള എഫ്‌ഐആര്‍ കോടതി റദ്ദാക്കി.

2018 മാര്‍ച്ചില്‍ നന്ദേഡ്‌ പോലീസിന് മുന്നില്‍ ഭാര്യ സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ തനാജി വി നളവാഡെ, മുകുന്ദ് ജി സേവ്‌ലിക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

വ്യക്തിഗത അക്കൗണ്ടുകളില്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തീര്‍ത്തും വ്യക്തിഗതം മാത്രമാണെന്നും അയച്ചയാളും സ്വീകര്‍ത്താവും ഒഴികെ മറ്റാര്‍ക്കും ആ സന്ദേശങ്ങളിലേക്ക് പ്രവേശനം ഇല്ലെന്നും കോടതി വിലയിരുത്തി. വാട്‌സാപ്പ് സേവനദാതാവിന് പോലും അതിലേക്ക് പ്രവേശനമില്ല.

രണ്ട് വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളില്‍ സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ വാട്‌സാപ്പിന് ഒരു പൊതു സ്ഥലമാവാന്‍ കഴിയില്ല. ഈ സന്ദേശങ്ങള്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കില്‍, ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് ആ സന്ദേശങ്ങളിലേക്ക് പ്രവേശം ലഭിക്കുമെന്നതിനാല്‍ അതിനെ പൊതുസ്ഥലമായി കണക്കാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു.

2018 മാര്‍ച്ചിലാണ് വാട്‌സാപ്പിലൂടെ തന്നെ വേശ്യയെന്ന് വിളിച്ചുവെന്നും താന്‍ അതിലൂടെയാണ് കാശുണ്ടാക്കുന്നതെന്നും പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് കാണിച്ച് ഭര്‍ത്താവിനെതിരെ കേസ് കൊടുത്തത്. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ സ്ത്രീയെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ പൊതുസ്ഥലത്ത് വെച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ഭര്‍ത്താവിന്റെ വക്കീല്‍ വാദിച്ചു.

വാട്‌സാപ്പ് വഴി ചീത്തവിളിച്ചത് കുറ്റകരമായി കാണാനാവില്ലെന്ന് നിരീക്ഷിച്ചുവെങ്കിലും ഒരു സ്ത്രീയെ വേശ്യയെന്ന് വിളിച്ച് അപമാനിക്കുന്നത് കുറ്റകരമാണെന്ന് കോടതി പറഞ്ഞു. അതിനാല്‍ ഐപിസി 509-ാം വകുപ്പ് അനുസരിച്ച് ഭര്‍ത്താവിന്റെ പ്രവൃത്തി കുറ്റകരമാണെന്നും പോലീസിന് കേസെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *