ഹോർട്ടികോർപ്പ് നൽകാനുള്ളത് 21.67 ലക്ഷം. കൃഷിയിറക്കണമെങ്കിൽ പണം കിട്ടണം

Share this News with your friends

കാന്തല്ലൂരിൽ ഇത്തവണ ശീതകാല പച്ചക്കറി വിളയണമെങ്കിൽ ഹോർട്ടികോർപ്പ് കർഷകർക്ക് കുടിശ്ശിക തീർത്ത് കൊടുക്കണം. 21.67 ലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് കർഷകർക്ക് നൽകാനുള്ളത്. ഈ തുക ലഭിച്ചാൽ മാത്രമേ കടുത്ത വേനൽ കാരണം ഒരു വിളവെടുപ്പ് നഷ്ടപ്പെട്ട കർഷകർക്ക് കൃഷിയിറക്കാനാകൂ. കനത്ത വേനലിൽ ഉറച്ചുപോയ മണ്ണ് കൊത്തിയിളക്കി നിലമൊരുക്കണമെങ്കിൽ നല്ലതുക െചലവാകും. കനത്തമഴയും മഞ്ഞും പിന്നിട്ടുണ്ടായ വേനലും കർഷകർക്ക് നഷ്ടമുണ്ടാക്കി. പലരും കൃഷി ഉപേക്ഷിച്ച് തടിപ്പണിക്കും കൂലിപ്പണിക്കും പോയിത്തുടങ്ങി.

ഹോർട്ടികോർപ്പിനുവേണ്ടി പച്ചക്കറി സംഭരിച്ചുവരുന്നത് വി.എഫ്.പി.സി.കെ. ലേല വിപണിയും കാന്തല്ലൂർ ശീതകാല പച്ചക്കറി വിപണന സംഘവുമാണ്. കർഷകർക്ക് വില നല്കുവാൻ കഴിയാത്തതിനാൽ സംഘം പച്ചക്കറി ഇപ്പോൾ ഹോർട്ടികോർപ്പിന് കയറ്റിവിടുന്നില്ല. സംഘത്തിന് 11.92 ലക്ഷം രൂപയും വിപണിക്ക് 9.75 ലക്ഷം രൂപയുമാണ് പച്ചക്കറി വാങ്ങിയതിന് ഹോർട്ടികോർപ്പ് നൽകേണ്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിപണി പച്ചക്കറി സംഭരിച്ച് കയറ്റിവിടുന്നുണ്ട്. 2,000 കിലോ കാബേജും 500 കിലോ കാരറ്റുമാണ് കയറ്റിവിട്ടത്. കിലോയ്‌ക്ക്‌ കാബേജിന് 15 രൂപയും കാരറ്റിന് 36 രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്. ഇത് കർഷകർക്ക് ലഭിച്ചിട്ടില്ല. അടുത്തയാഴ്ച അഞ്ച് ടൺ കാബേജുമാത്രമാണ് ഇനി കയറ്റി അയക്കുവാനുള്ളൂ. പുതിയ കൃഷിയിറക്കുന്നതിന് കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിച്ചുതരണമെന്നാണ് കർഷകരുടെ ആവശ്യം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *