‘ഉറക്കത്തിലായിരിക്കാം അവർ മരിച്ചത്, ശ്വാസകോശത്തിൽ മണ്ണും വെള്ളവും കലർന്ന ചെളിയാണ്’

Share this News with your friends

പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലേക്കു പുറം ലോകത്തു നിന്നുള്ളവർ എത്തിപ്പെടാൻ കാരണമായതു ജെസിബി, ഹിറ്റാച്ചി ഓപ്പറേറ്റർമാരുടെ മണിക്കൂറുകൾ നീണ്ട സേവനം. പെരിയവരൈയിലെ താൽക്കാലിക പാലത്തിനു കനത്ത മഴയിൽ കേടുപാടുകൾ സംഭവിച്ചതിനാൽ മറയൂരിൽ നിന്നുള്ള പൊലീസ് സംഘവും ആരോഗ്യ പ്രവർത്തകരുമാണ് ആദ്യമെത്തിയത്. മറയൂർ – മൂന്നാർ റോഡിൽ 9 ഇടങ്ങളിലാണ് മലയിടിഞ്ഞു റോഡിലേക്കു വീണത്. ഇവ നീക്കുന്നതിൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായം വലുതായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ സാഹസികമായാണ് ഓരോ മണ്ണുമാന്തി യന്ത്രവും പെട്ടിമുടിയിലെത്തിയത്.ദുരന്തഭൂമിയിൽ, ചെളിയും ആഴവും അറിയാൻ സാധിക്കാതിരുന്നിട്ടും സങ്കോചമില്ലാതെ ഓപ്പറേറ്റർമാർ മണ്ണുമാന്തി യന്ത്രം ഓടിച്ചിറക്കി. മണ്ണിനടിയിൽ നിന്നു ലഭിക്കുന്ന മൃതദേഹങ്ങൾക്കു പോറൽ പോലും തങ്ങൾ കാരണം സംഭവിക്കരുതെന്ന പ്രാർഥനയുമായി അതീവ സൂക്ഷമതയോടെയാണിവർ മണ്ണു നീക്കിയത്. തിരച്ചിൽ ജോലിക്കിടെ ഒട്ടേറെ തവണ മണ്ണുമാന്തി യന്ത്രങ്ങൾ അപകടത്തിലായി. മറ്റു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണിവ നീക്കിയത്. ഒരോ പാളി മണ്ണും കല്ലും മാറ്റുമ്പോഴും ഒരാളെയെങ്കിലും ജീവനോടെ ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് ഇവർ ജോലി ചെയ്തത്.

‘ഉറക്കത്തിലായിരിക്കാം അവർ മരിച്ചത്. പലരുടെയും ആമാശയത്തിലും ശ്വാസകോശത്തിലും മണ്ണും വെള്ളവും കലർന്ന ചെളിയാണ്’… പെട്ടിമുടി ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത പട്ടം കോളനിയിലെ മെഡിക്കൽ ഓഫിസറും ഫൊറൻസിക് സർജനുമായ ഡോ. വി.കെ.പ്രശാന്തിന്റെ വാക്കുകളാണിത്.ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻമാരായ ഡോ. ജിനുവും ഡോ. പ്രശാന്തും ഉൾപ്പെടെ 30 ഡോക്ടർമാരും 30 അറ്റൻഡർമാരുമടങ്ങുന്ന സംഘമാണ് 56 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയത്. ഒറ്റ ദിവസം 27 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്നു. രാജമല ആശുപത്രിയിലെ രോഗികളെ പരിശോധിച്ചിരുന്ന വാർഡ് പോസ്റ്റ്മോർട്ടം ചെയ്യുന്ന മുറിയാക്കിയായിരുന്നു പ്രവർത്തനം.

ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശത്തെ തുടർന്നാണു രാജമല ഹോസ്പിറ്റലിൽ പ്രത്യേകം തയാറാക്കിയ വാർഡിൽ പോസ്റ്റ്മോർട്ടം നടത്താനായി എത്തിയത്. ആശുപത്രിക്കു പുറത്തു ട്രാക്ടറിന്റെ ശബ്ദം കേൾക്കുമ്പോഴേ നടുങ്ങും. ട്രാക്ടറിലായിരുന്നു മൃതദേഹങ്ങൾ എത്തിച്ചു കൊണ്ടിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ട്രാക്ടറിൽ തന്നെ നീക്കുകയും ചെയ്യുന്നു. തുടർച്ചയായി പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്ന അവസ്ഥയിൽ മനസ്സും ശരീരവും മരവിച്ചു പോയി. 2013 ൽ ഇടമലക്കുടിയിൽ മെഡിക്കൽ ക്യാംപ് നടത്താനായി പെട്ടിമുടി വഴി പോയിരുന്നു. അന്നവിടെ, ചായ കുടിക്കാനായി ഇറങ്ങിയ ചെറിയ ചായക്കട അടക്കം ഉരുൾപൊട്ടലിൽ ഇല്ലാതായി. –ഡോ. വി.കെ.പ്രശാന്ത്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *