ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ അടുത്ത വർഷം മുതൽ

Share this News with your friends

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ അടുത്ത വർഷം മുതൽ ലഭ്യമാവും. അടുത്ത വർഷം മുതൽ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കും നിലവിലെ പാസ്പോർട്ട് പുതുക്കുന്നവർക്കും ഇലക്ട്രോണിക് മൈക്രോപ്രൊസസ്സർ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളാവും ലഭിക്കുക. പൈലറ്റ് പ്രൊജക്ടിൻ്റെ ഭാഗമായി ഔദ്യോഗിക, നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ 20,000 ഇ-പാസ്‌പോർട്ടുകൾ സർക്കാർ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

ഇ-പാസ്പോർട്ടിലൂടെ വ്യാജ പാസ്പോർട്ട് നിർമിക്കുന്നത് തടയാനാവുമെന്നാണ് അവകാശവാദം. പദ്ധതിക്കായി ഒരു ഏജൻസിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മണിക്കൂറിൽ 10,000 മുതൽ 20,000 വരെ വ്യക്തിഗത ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ ഈ ഏജൻസിക്ക് സാധിക്കും. ഡൽഹി, ചെന്നൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനം. ഏജൻസിയെ കണ്ടെത്താൻ കേന്ദ്രം ശ്രമം തുടങ്ങിക്കഴിഞ്ഞു.

എംഇഎ ആസ്ഥാനത്തെ സിപിവി ഡിവിഷനിൽ നിന്ന് മാത്രമാണ് ഇതുവരെ ഉദ്യോഗസ്ഥർക്കുള്ള ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തിരുന്നത്. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ രാജ്യത്തെ 6 പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ഇ-പാസ്പോർട്ട് ലഭിക്കും. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസി‌എ‌ഒ) മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുക. ആദ്യ ഘട്ടത്തിൽ മണിക്കൂറിൽ 10000 പാസ്പോർട്ടുകളും ദിനേന 50000 പാസ്പോർട്ടുകളുമാണ് വിതരണം ചെയ്യുക. പിന്നീട് മണിക്കൂറിൽ 20000. ദിവസം ഒരു ലക്ഷം എന്ന നിലയിൽ വിതരണം വർദ്ധിപ്പിക്കാനാണ് തീരുമാനം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *