ഏഷ്യയിലെ ഏറ്റവും വലിയ അലങ്കാര മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങളിൽ ഒന്ന് കേരളത്തിലുമുണ്ട്…

Share this News with your friends

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അലങ്കാര മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങളിൽ ഒന്ന് തിരുവനന്തപുരത്തുണ്ട്. നെയ്യാർ ഡാമിൽ. സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഈ കേന്ദ്രത്തിൽ, ഓരോ നിമിഷവും പതിനായിരം അലങ്കാര – വളർത്തു മത്സ്യക്കുഞ്ഞുങ്ങൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. പക്ഷേ തദ്ദേശീയർക്കല്ലാതെ അധികമാർക്കും ഇങ്ങനെയൊരു കേന്ദ്രത്തെപ്പറ്റി അറിയില്ല എന്നതാണ് വസ്തുത.

നെയ്യാർ അണക്കെട്ടിന് കേവലം 400 മീറ്റർ അടുത്താണ് ഈ ദേശീയ അലങ്കാര മത്സ്യവിത്തുൽപ്പാദന കേന്ദ്രം. പത്ത് ഏക്കറിനടുത്ത് ഭൂമിയിൽ 1342 ടാങ്കുകളുണ്ട് ഇവിടെ. അതിൽ 656 ടാങ്കുകളിൽ അലങ്കാര മത്സ്യവും, മത്സ്യ കുഞ്ഞുങ്ങളും സജീവം. 256 ടാങ്കുകളിലാണ് അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.

ഏയ്ഞ്ചൽ, സിക്ലിറ്റ്‌സ്, ഗപ്പി, പ്ലാറ്റി, സ്വാർഡ് ടെയിൽ, ഫൈറ്റർ, ഗോൾഡ് ഫിഷ് തുടങ്ങി 16 ഇനം അലങ്കാര മത്സ്യങ്ങൾ. അവയിൽ തന്നെ ഓരോന്നിനും എട്ട് – പത്ത് ഇനം വ്യത്യസ്ത ഉപബ്രീഡുകൾ. പിന്നെ പുത്തൻ നിറങ്ങളിലും, രൂപങ്ങളിലും വിരിയിച്ച് വളർത്തിയെടുക്കുന്ന ഹൈബ്രീഡുകൾ.

തീർത്തും പ്രകൃതിദത്തമായാണ് ഇവിടെ മത്സ്യക്കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്നതെന്ന് ബ്രീഡിംഗ് ടെക്‌നിഷ്യൻ വിശാന്ത് പറയുന്നു. നെയ്യാറിലെ ജലം അത്രകണ്ട് പോഷക സമൃദ്ധമത്രെ. ഓക്‌സിജനും, ഫിൽറ്ററേഷനും പോലുള്ള അത്യാവശ്യ ഘടകങ്ങൾ ഇല്ലാതെ ബ്രീഡ് ചെയ്ത്, പൂർണ ഗുണനിലവാരമുള്ള അലങ്കാര മത്സ്യക്കുഞ്ഞുളെയാണ് വിപണന യൂണിറ്റിൽ സജീകരിച്ചിരിക്കുന്നത്. പുറമെ സിലോപിയ, കട്ട്‌ല, രോഹു തുടങ്ങി വളർത്ത് മത്സ്യങ്ങളും ഇവിടുണ്ട്.

ഒരു രൂപ മുതൽ 350 രൂപ വരെയും, ഹൈബ്രീഡുകൾക്ക് 2000 രൂപ വരെയും വിലയ്ക്കാണ് വിൽക്കുക. പുറത്ത് അക്വേറിയംകാർ ഇരട്ടിവില ഈടാക്കുന്ന സ്ഥാനത്താണ് ഇതെന്ന് ഓർക്കേണ്ടതുണ്ട്. അലങ്കാര മത്സ്യ കൃഷിയിലേക്ക് തിരിയുന്നസാധാരണക്കാർക്ക് ആശ്രയമാണ് ഈ മത്സ്യ ഫാമെന്ന് ചുരുക്കം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *