സ്വകാര്യതാനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വാട്സപ്പ്

Share this News with your friends

2016 ലെ സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും, വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും വാട്സപ്പ്. പാർലമെന്ററി സമതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ തങ്ങൾ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകൾ കൂടുതൽ സുതാര്യമാക്കാനാണെന്നും അതിൽ തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഉണ്ടായതെന്നും വാട്സപ്പ് അറിയിച്ചു. വാട്സപ്പ് പ്രതിനിധിയുടെ നിലപാടിൽ പാർലമെന്ററി സമിതി ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ തിരുമാനിയ്ക്കും.

സ്വകാര്യത നയത്തിൽ മാറ്റം വരുത്താനുള്ള നീക്കം നടത്തിയ വാട്സപ്പ് പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ കടക വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. 2016 ലെ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്ന് വിശദികരിച്ച അവർ കൂടുതൽ സുതാര്യത ഇക്കാര്യത്തിൽ കൊണ്ട് വരാനുള്ള തങ്ങളുടെ നിക്കം തെറ്റായി വ്യാഖ്യാനിയ്ക്കപ്പെട്ടതാണെന്ന് അവകാശപ്പെട്ടു. വിവരസാങ്കേതിക പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് പ്രതിനിധി നിലപാടുകൾ വിശദികരിച്ചത്.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിത്തന്നെ ഉപഭോക്താക്കളുടെ സന്ദേശം രാജ്യത്ത് തുടരും. ഇന്ത്യയിലെ ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ വാട്സപ്പ് ലക്ഷ്യമിട്ടിട്ടില്ല. സ്ഥാപനത്തിന്റെ സേവന വ്യവസ്ഥകൾ മുൻപ് എന്ന പോലെ തന്നെ ആണ് ഇപ്പോഴും ഉള്ളത്. ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് കൂടുതൽ മികവ് നൽകാനാണ് വാട്സപ്പ് അവലോകനങ്ങൾ നടത്താറുള്ളത്. ഇത് ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമോ അവകാശങ്ങളുടെ ലംഘനമോ ഇല്ല എന്നും വാട്സപ്പ് പ്രതിനിധി അവകാശപ്പെട്ടു.

വിശദീകരണം എഴുതി നൽകാൻ വാട്സപ്പിനോട് പാർലമെന്ററി സമിതി നിർദ്ദേശിച്ചു. വിഷയത്തിൽ തുടർ നടപടികൾ എന്തായിരിയ്ക്കണം എന്ന കാര്യത്തിൽ പാർലമെന്ററി സമിതി വീണ്ടും യോഗം ചേർന്ന് തിരുമാനം കൈകൊള്ളും. അത്ര ബോധ്യപ്പെടുന്ന വിശദികരണം അല്ല വാട്സപ്പിൻ്റേത് എന്ന് ഇതുമായി ബന്ധപ്പെട്ട ഒരു സമിതി അംഗം 24 നോട് പ്രതികരിച്ചു.

ട്വിറ്റർ, ഫേസ്ബുക്ക് പ്രതിനിധികളെയും പാർലമെന്ററി സമിതി ഇന്നലെ കേട്ടു. സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താനുള്ള വാട്സപ്പിന്റെ തിരുമാനത്തിൽ നിന്ന് വാട്സപ്പിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ വാട്സപ്പ് പ്രതിനിധി ഹാജരായത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട വിശദികരണം വാട്സപ്പ് ഈ അടുത്ത ആഴ്ച തന്നെ നൽകും എന്നാണ് ലഭ്യമായ വിവരം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *