പ്രമുഖ ഇന്ത്യൻ ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പായ ഹൈക്ക് അടച്ചുപൂട്ടുന്നു. ജനുവരി 21ന് ആപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഹൈക്ക് സിഇഒ കവിൻ ഭാരതി മിത്തൽ തൻ്റെ ട്വിറ്ററിൽ കുറിച്ചു. ആപ്പ് പൂട്ടുകയാണെങ്കിലും ഉപഭോക്താക്കൾക്ക് തങ്ങളുടെ സംഭാഷണങ്ങളും മറ്റ് ഡേറ്റയും ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നും മിത്തർ കുറിച്ചു. അടച്ചുപൂട്ടാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
“ജനുവരി 21 ന് സ്റ്റിക്കർ ചാറ്റ് അവസാനിപ്പിക്കുകയാണണെന്ന് ഞങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നു. നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് നൽകിയതിന് എല്ലാവർക്കും നന്ദി. നിങ്ങൾ ഇല്ലാതെ ഞങ്ങൾ ഇവിടെ ഉണ്ടാകില്ല. നിങ്ങളുടെ ഡേറ്റകളൊക്കെ ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാവും. വൈബിലും റഷിലും ഹൈക്ക്മോജികൾ പ്രവർത്തനം തുടരും.’- മിത്തൽ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ സ്വന്തം മെസേജിങ് ആപ്പ് എന്ന വിശേഷണത്തോടെ 2012ലാണ് ഹൈക്ക് ആരംഭിക്കുന്നത്. ഏറ്റവും വലിയ ഇന്ത്യൻ ഫ്രീവെയർ, ക്രോസ്പ്ലാറ്റ്ഫോം ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായിരുന്നു ഹൈക്ക്. സ്റ്റിക്കറുകളാണ് ഹൈക്കിനെ പ്രശസ്തമാക്കിയത്. സ്റ്റിക്കർ ചാറ്റുകൾ വ്യാപകമായതും ഹൈക്കിൻ്റെ വരവോടെയാണ്. 2016 ഓഗസ്റ്റിൽ 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ആപ്പിനുണ്ടായിരുന്നത്.