പള്‍സ് പോളിയോ: സംസ്ഥാനത്ത് 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

Share this News with your friends

സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 31 നാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. പരിചയം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അന്നേദിവസം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.

കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അഞ്ച് വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.

പോളിയോ ഏറെ അപകടകരം

കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. 2011ല്‍ ഇന്ത്യ പോളിയോ വിമുക്തമായെങ്കിലും അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് വാക്സിനേഷന്‍ നല്‍കേണ്ടിവരുന്നത്. പനി,ഛര്‍ദി, വയറിളക്കം, പേശിവേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ തളര്‍ന്നു പോകാന്‍ സാധ്യതയുണ്ട് പ്രധാനമായും കൈകാലുകളില്‍ ആണ് അംഗവൈകല്യം ഉണ്ടാകുന്നത്. അതിനാലാണ് പ്രതിരോധ വാക്സിന്റെ പ്രാധാന്യം.

തുള്ളിമരുന്ന് ലഭ്യമാകുന്ന സ്ഥലങ്ങള്‍

അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതാണ്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

രോഗപ്രതിരോധ വാക്സിനേഷന്‍ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. എന്തെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ദിനത്തില്‍ വാക്സിന്‍ ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *