സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, അടിമാലി ബ്ലോക്കിന് കീഴില്‍ വരുന്ന വെള്ളത്തൂവല്‍ പഞ്ചായത്തില്‍ സാമ്പത്തിക സാക്ഷരതാ അവബോധ ക്ലാസ് സംഘടിപ്പിച്ചു. റിസര്‍വ്വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിശാഖ് വി വി പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി മൂലം രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ റിസര്‍വ്വ് എടുത്ത നടപടികള്‍ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു.
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്സന് കെ ബി, റിസര്‍വ്വ് ബാങ്ക് ഇടുക്കി ജില്ലാ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ അനൂപ് ദാസ്, പഞ്ചായത്ത് വെല്‍ഫയര്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജയന് കെ ആര്, പഞ്ചായത്തംഗം ഷിബി എല്‍ദോസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡിജിറ്റല്‍ ബാങ്കിംഗ്, ബാങ്കിംഗ് ഓംബുഡ്സ്മാന് സ്കീം, റിസര്‍വ്വ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനം, ബാങ്കിംഗ് മേഖലയിലെ പ്രധാന വായ്പ നിക്ഷേപ പദ്ധതികള്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയെ സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന്റെ പ്രതിനിധികളായ കാര്ത്തികേയന്, വിനായക മൂര്‍ത്തി, ശരത്ത്, അടിമാലി ബ്ലോക്ക് സാമ്പത്തിക സാക്ഷരത ഉപദേഷ്ടാവ് ബാബു ഗണേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് പ്രതിനിധികളും ഇടുക്കി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലനും മറുപടി നല്കി.സാമൂഹിക പ്രതിബന്ധതാ ഫണ്ടുപയോഗിച്ച് റിസര്‍വ്വ് ബാങ്ക്, വെള്ളത്തൂവല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ചെങ്കുളം എല്‍ പി സ്കൂളിനും സംഭാവന നല്കിയ കംപ്യൂട്ടറുകള്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അധികൃതര്‍ക്ക് കൈമറി. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലന്‍ സ്വാഗതവും വെള്ളത്തൂവല്‍ പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്സണ്‍ റോസമ്മ ജോണ്‍ കൃതജ്ഞയും രേഖപ്പെടുത്തി. യോഗത്തില്‍ യൂണിയന് ബാങ്ക് അടിമാലി, സ്റ്റേറ്റ് ബാങ്ക് വെള്ളത്തൂവല്‍, കേരളാ ബാങ്ക് കുഞ്ചിത്തണ്ണി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.